Sunday, August 28, 2016

നഗ്നതയും സ്വാതന്ത്ര്യവും

ലണ്ടൻ പ്രദേശങ്ങളിലെവിടെയെങ്കിലുമെത്തുന്ന ഭാരത‘പുത്രൻ‘ന്മാരുടെ പ്രധാന സ്വപ്നമാണെന്ന് തോന്നുന്നു ലണ്ടനിൽ വർഷത്തിലൊരിയ്ക്കൽ നടക്കുന്ന ലോക നഗ്ന സൈക്കിൾ റാലിയൊന്ന് കാണുകയെന്ന്. പലരും എന്നെ ആ സ്വപ്നം അറിയിച്ചിട്ടുണ്ട്. പക്ഷേ പോയവരൊക്കെ ആദ്യത്തെ ഒരു അര മിനിട്ട് നേരത്തെ വിജൃംഭമേ പറഞ്ഞിട്ടുള്ളു. പിന്നീട് എല്ലാരേയും പോലെ ഐസ്ക്രിം തിന്നും അവിടവിടെ ചുറ്റി നടന്നും സമയം കളയും.
എല്ലാവരും തുണിയഴിച്ചിട്ട് നടക്കുമ്പൊ നമുക്കെന്ത് തോന്നാനാ എന്നാണവരുടെ അനുഭവസാക്ഷ്യം. തോന്നാൻ പോയിട്ട് പോയാൽ വലിയ ഗുണമൊന്നുമില്ലന്നർത്ഥം.

മീനാൽ ജയിനെപ്പറ്റിയാണ് പറയുന്നത്. 2016ലെ ലണ്ടൻ വേൾഡ് നേക്കഡ് ബൈക്ക് റൈഡിൽ മീനാൽ ജയിൻ എന്നൊരു ഭാരതീയയും നഗ്നയായി സൈക്കിളോടിച്ചെന്നുള്ള ‘അത്ഭുത‘ വിശേഷം വാട്സാപ്പ് മെസെജുകളായി കിട്ടാത്തവരുണ്ടാകില്ല.


ജയിൻ എന്നത് ജൈനമതക്കാരുപയോഗിയ്ക്കുന്ന കുലനാമമാണ്. ആയതുകൊണ്ട് മീനാൽ ജയിനും ജൈനമതവുമായി ബന്ധമുള്ളവരാണെന്ന് തോന്നുന്നു.

എന്തായാലും ആകാശം വസ്ത്രമായുടുത്ത മഹത്തായ സംസ്കാരത്തിന്റെ സൂക്ഷ്മ ന്യൂനപക്ഷത്ത് നിന്നൊരാൾ തന്നെ ആധുനികതയുടെ സ്വാതന്ത്ര്യം പ്രഖ്യാപിയ്ക്കലുകൾക്ക് ആദ്യമായൊക്കെ ചേർന്ന് നിന്നുവെന്ന് പറയുമ്പോൾ അത് അൽപ്പം പോലും അത്ഭുതമുണ്ടാക്കുന്നില്ല.
അവർക്ക് മുന്നേയും പല ഭാരതീയവനിതകളും ആ നഗ്ന സൈക്കിൾ റാലിയിൽ പങ്കെടുത്തിട്ടുണ്ട്. ഭാരതീയ പുരുഷന്മാർ വന്നിട്ടുണ്ടോ എന്നറിയില്ല. വനിതകൾ വരുമ്പോഴാണല്ലോ വാട്സാപ്പ് മെസേജുകളുണ്ടാക്കാൻ ഒരാവേശം. മാതൃഭൂമി പോലും റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നു. മാതൃഭൂമി എന്ത‍ാണ് റിപ്പോർട്ട് ചെയ്യാത്തതെന്ന് ചോദിയ്ക്കരുത്. ഒരുപക്ഷേ വീരേന്ദ്രകുമാറിന്റെ സ്വന്തം മതക്കാരിയായ ഒരു ജയിൻ വംശനാമം ഉപയോഗിച്ചിരിയ്ക്കുന്ന വനിതയെ പുകഴ്ത്തി റിപ്പോർട്ട് ചെയ്തതാകാനും മതി.


ഭാരതത്തിലെ അതിസൂക്ഷ്മ ന്യൂനപക്ഷമാണ് ജൈനന്മാർ. അവരിലെ ഒരു വിഭാഗമാൾക്കാർ ദിഗംബരരാണ്. അവരുടെ തീർത്ഥങ്കരന്മാരെല്ലാം ദിഗംബരരാണ്. ലോകത്തെ സകലതും ഉപേക്ഷിയ്ക്കുമ്പോൾ അവസാനമുപേക്ഷിയ്ക്കുക സ്വന്തം നാണമാണെന്ന മഹത്തായ ആശയത്താലാണ് അവർ വസ്ത്രം പോലും ഉപേക്ഷിച്ച് ആകാശത്തെ വസ്ത്രമായി ഉടുക്കുന്നത്.

ഓർക്കുക അവർ വസ്ത്രമല്ല ഉപേക്ഷിയ്ക്കുന്നത് നാണമെന്ന അധമവികാരത്തെയാണ്. ആദ്യത്തെ ‘പാപം‘ ചെയ്തപ്പോൾ ദൈവവിരുദ്ധമായി ആദ്യം മനുഷ്യനിലുദിച്ച വികാരമെന്ന് സെമറ്റിസം നാണത്തെ സാക്ഷ്യപ്പെടുത്തിയത് എന്തായാലും ദിഗംബരർക്ക് മുന്നേയാകില്ല..

അത് ഒരു സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ്. മിക്കപ്പോഴും വസ്ത്രങ്ങൾ നഗ്നതയെ അലങ്കരിയ്ക്കാൻ മുതൽ വസ്ത്രങ്ങൾ കൊണ്ട് അധീശത്തത്തിന്റെയും ആധിപത്യത്തിന്റേയും അടിച്ചമർത്തലുകളെ അടയാളപ്പെടുത്തുക വരെ ചെയ്യുമ്പോൾ ദിഗംബരരായിരിയ്ക്കുക ഭാരതത്തിന്റെ സ്വാതന്ത്ര്യമാണ്.

ആ സ്വാതന്ത്ര്യത്തിനെയൊക്കെ നമ്മുടെ മനസ്സുകളിൽ നിന്നുപോലും മറച്ചുകളയത്തക്ക വണ്ണം എത്രത്തോളം ചാക്കുകെട്ടുകൾ നമ്മളെ മൂടിയിരിയ്ക്കുന്നെന്നും എത്രത്തോളം ആ സ്വാതന്ത്ര്യത്തിന്റെ വെണ്മയെ കൃത്രിമനിറങ്ങൾ കറയാക്കിയിട്ടുണ്ടെന്നും സ്വയം മനസ്സിലാക്കാനെങ്കിലും ഹരിയാനാ അസംബ്ളിയിൽച്ചെന്നിരുന്ന ദിഗംബരാ, അങ്ങേയ്ക്ക് നമോവാകം.


(പീയെസ്: ഒരുപാട് തിരഞ്ഞു മീനാൽ ജയിന്റെ പിക്സലേറ്റ് ചെയ്യപ്പെടാത്തതോ മുലകളിലും യോനീഭാഗത്തും കറുത്ത പെയിന്റടിയ്ക്കാത്തതോ ആയ ഒരു ചിത്രം കിട്ടാൻ. ദിഗംബരനായി സത്യത്തിൽ ലയിച്ച് സമാധിസ്ഥനായി നിൽക്കുന്ന ബാഹുബലിയെ ഗോമതേശ്വര ക്ഷേത്രത്തിൽ കാണാം. ഈ ചിത്രങ്ങളൊക്കെ കണ്ട് വിറ തോന്നുനെകിൽ സാത്താന്റെ പണിയാണത്. പാതിരി വിളിച്ച് കൂവുന്നത് പോലെ സാത്താനേ ദൂരെപ്പോ എന്ന് ഒരു പത്ത് തവണ വിളിച്ച് ഹാല്ലേലൂയാ എന്ന് ചുറ്റും നിൽക്കുന്നവരെക്കൊണ്ടും വിളിപ്പിയ്ക്കുക. എല്ലാം ശരിയായിക്കോളും.)


No comments:

Post a Comment