Saturday, December 05, 2015

നവോദ്ധാനയാത്ര

പോൾ തേലക്കാട്ട് എന്നൊരു മാന്യകൃസ്തീയപുരോഹിതൻ വെള്ളാപ്പള്ളിയെ എന്ന മറവിൽ ഹിന്ദുമതത്തെ എന്ന ഒളിവിൽ ഭാരതത്തിനെ മുഴുവൻ ആക്രമിച്ചുകൊണ്ടെഴുതിയ പച്ചക്കള്ളങ്ങൾ മാത്രമുള്ള ഒരു ലേഖനം മംഗളം പത്രത്തിൽ വന്നത് കണ്ട് അതിനെഴുതിയ കമന്റുകളാണ്. സ്ട്രൈക്ക്ത്രൂ ചെയ്തിരിയ്ക്കുന്നത് അദ്ദേഹത്തിന്റെ ഭാഗമാണ്. പതിയെ സമയമെടുത്ത് വായിച്ചാ മതീട്ടാ...

-വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള സമത്വയാത്ര കേരളത്തില്‍ നടക്കുകയാണല്ലോ. അദ്ദേഹം ക്രൈസ്‌തവസഭയുടെ ഘടനകളെ വളരെ താല്‍പര്യപൂര്‍വം അനുകരിക്കുന്ന വ്യക്‌തിയാണ്‌. അത്‌ എസ്‌.എന്‍.ഡി.പി. സംഘടനയ്‌ക്കു ഉപകാരപ്രദമാകുന്നതില്‍ സന്തോഷമുണ്ട്-

ഒരു മനുഷ്യനെ അധിക്ഷേപിയ്ക്കാവുന്നതിന്റെ പരമാവധിയിലാണ് അദ്ദേഹം തുടങ്ങിയിരിയ്ക്കുന്നത്. ക്രൈസ്തവസഭയെ അനുകരിയ്ക്കുന്ന വ്യക്തി എന്ന് പറയുന്നതിൽ നല്ലത് വെള്ളാപ്പള്ളിയെ തന്തയ്ക്ക് വിളിയ്ക്കുകയായിരുന്നു. മധ്യകാലത്ത് മുതൽ പോർച്ചുഗീസ് സ്പാനിഷ് റൊമൻ മുതൽ ഈയടുത്ത കാലം വരെ നീളുന്ന കൊടും പീഡനപരമ്പരകൾ എതിർത്തവർക്ക് നേരേ അഴിച്ച് വിട്ട, ഇന്നാട്ടിൽപ്പൊലും പറങ്കികളുടെ നേതൃത്വത്തിൽ മതം മാറാത്തവരെ കൊടും ക്രൂരതയ്ക്ക് വിധേയരാക്കിയ, കൊച്ചുകുട്ടികളെ മുതൽ സൂര്യനെല്ലി പെൺകുട്ടിയെവരെ ലൈംഗികപിഡനത്തിനു വിധേയരാക്കിയവരെ സംരക്ഷിച്ച് നിർത്തുന്ന, ഇരകളുടെ ജീവിതം നശിപ്പിച്ച് നാശകോടാലിയാക്കുന്നതിനും കൂട്ടുനിൽക്കുന്ന ക്രൈസ്തവസഭകളെ ആരെങ്കിലും അനുകരിയ്ക്കുന്നു എന്ന് പറഞ്ഞാൽ… ഇതിലും ഭേദം പച്ചയ്ക്ക് തെറിപറയുകയായിരുന്നു.

-പക്ഷേ, നമ്മുടെ കമ്പോള സംസ്‌കാരത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം അദ്ദേഹം അതികഠിനമായ അനുകരണാജന്യമായ സ്‌പര്‍ധയുടെ പിടിയിലാണ്‌. അതുകൊണ്ട്‌ ക്രൈസ്‌തവസഭയോടു വെറുപ്പും വിദ്വേഷവും ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുന്നു-


ക്രൈസ്തവസഭയോട് വെള്ളാപ്പള്ളി വെറുപ്പും വിദ്വേഷവും കാണിച്ചെങ്കിൽ ഒരു കുഴപ്പവുമില്ല. ഈ സഭയോട് എനിയ്ക്കും വ്യക്തിപരമായി അതികഠിനമായ വെറുപ്പും വിദ്വേഷവുമുണ്ട്. മേൽപ്പറഞ്ഞ കാരണങ്ങൾ തന്നെ. ഇന്നും ഇൻക്വിസിഷൻ എന്ന ഭൂതത്തിന്റെ മുകളിൽത്തന്നെയാണ് ഈ വൃത്തികെട്ട സഭയുടെ നിൽപ്പും എന്ന് വ്യക്തമായറിയാം. അവർക്ക് വേണ്ടത് നടപ്പാക്കാൻ സ്വരാജ്യത്തിന്റെ താൽപ്പര്യങ്ങളെവരെ ഒറ്റുകൊടുക്കാൻ ഒരു മടിയുമില്ലാത്തവരാണ് കത്തോലിക്കാ സഭ എന്നും ലോകചരിത്രത്തിലുടനീളം വ്യക്തമാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും എന്ന പേരിലൊക്കെ  ഇവിടത്തെ പാവങ്ങളുടെ മുകളിൽ കുതിരകയറിയ ബ്രാഹ്മണ്യത്തിന്റെ ഇൻസ്റ്റിറ്റ്യൂഷനുകളേക്കാൾ കത്തോലിക്കസഭ മനുഷ്യരക്തത്താൽ കുതിർന്നിരിയ്ക്കുകയാണ്. രണ്ടും ഒരു വണ്ടിയിൽ കെട്ടാവുന്ന കാളകളുമാണ്. ഇനി സ്പർദ്ധ. അത് തിരുമേനീ, കമ്പോള സംസ്കാരമുണ്ടാകുന്നതിനു ആയിരക്കണക്കിനു കൊല്ലം മുന്നേ ഇൻസ്റ്റിറ്റ്യൂഷണൽ ലെവലിൽ ലോകത്തിനു സ്പർദ്ധ എന്തെന്ന് കാണിച്ച് കൊടുത്ത തിരുസഭ തന്നെ സ്പർദ്ധ കമ്പോളജന്യമാണെന്ന് പറയണം. പഷ്ട്.

-അദ്ദേഹത്തിന്റെ സമത്വയാത്രയുടെ ലക്ഷ്യം കേരളത്തിലെ ഹിന്ദുക്കളുടെ ഐക്യമാണെന്നു പറയുന്നു. ഹിന്ദു സംസ്‌കാരത്തിന്റെ സത്തയറിയാതെ അതിന്റെ ഐക്യത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്നു, ചിന്തിച്ചുപോയി.കാരണം ഹിന്ദുഐക്യം ഹൈന്ദവമല്ല തന്നെ. അങ്ങനെ ഒരു ഐക്യത്തിന്റെ സ്വപ്‌നമോ ദര്‍ശനമോ അതിലില്ല. ഹിന്ദുത്വവാദികള്‍ അതു പറയുന്നതു രാഷ്‌ട്രീയ അധികാരത്തിനു വേണ്ടിയാണ്‌.കാരണം ആ സംസ്‌കാരത്തിന്റെ ഉറവിടങ്ങളില്‍ ഐക്യത്തിന്റെയോ സംഭ്രാതൃത്വത്തിന്റെയോ ഒന്നുമില്ല-

'ഹിന്ദുത്വ'വാദികൾ ഹിന്ദു എന്നുപയോഗിയ്ക്കുന്നതിൽ തിരുമേനിയും പെടും. അത് വേണ്ടെന്ന് പറഞ്ഞാലും ഒക്കില്ല. കാരണം ഹിന്ദുത്വം ഹിന്ദുസ്ഥാൻ എന്ന ഭാരതീയതയല്ലാതെ ഒന്നുമല്ല. പിന്നെ ല്ലെ വത്തിക്കാൻ പാസ്പോർട്ട് കിട്ടുമ്പം അത് തിരികെക്കൊടുക്കാം എന്ന ബോധത്തിന്റെ പേരിലാന്നേ തിരുമേനി അങ്ങനല്ലന്ന് വച്ചോ. പക്ഷേ സാധാരണക്കാരനായ കത്തോലിക്കൻ ഇന്നാട്ടുകാരൻ തന്നെയാണ് തിരുമേനീ. അയാളേയും കൂട്ടിയേ ഹിന്ദുത്വം എന്ന രാഷ്ട്രീയത്തിനു നിലനിൽപ്പുള്ളൂ. അതുകൊണ്ട് രാഷ്ട്രീയ ഐക്യത്തിനുപയോഗിയ്ക്കുന്ന ഹിന്ദുത്വം എന്ന സംഭവം നമുക്ക് ഒരു സൈഡിലോട്ട് വയ്ക്കാം. സമയം വരും. ചർച്ച് ഒരുപാട് ചെയ്യേണ്ടതുണ്ട്. ആ സമയത്ത് നമുക്കത് ചർച്ചിയ്ക്കാം.

ബാക്കി ഇന്ന് കേരളത്തിൽ ഹിന്ദുക്കൾ എന്നറിയപ്പെടുന്ന ‘മത’ ത്തിൽപ്പെട്ടവരുടെ ഐക്യത്തിനായാണ് ശ്രീമാൻ വെള്ളാപ്പള്ളി യാത്ര നടത്തുന്നതെന്നാണ്. ശരിയാണെന്ന് തോന്നുന്നു. അത് അയാളുടെ ആവശ്യം. ഐക്യം ഇല്ലാത്തത് കൊണ്ടാണല്ലോ അവർ ഐക്യം ഉണ്ടാവാൻ യാത്ര നടത്തുന്നത്. അവർ നടത്തിക്കോട്ടേ എന്ന് വച്ചാൽ പോരേ. ആരെങ്കിലും തമ്മിൽ ഐക്യമുണ്ടാവുന്നതിനു തിരുമേനിയ്ക്കെന്നാത്തിനാ ചൊറിയുന്നത്?

-അപ്പന്‍ ശരിയല്ലെങ്കിലും സഹോദരങ്ങള്‍ ഐക്യപ്പെടും. കാരണം അവര്‍ ഒരു അച്‌ഛന്റെ മക്കളാണ്‌. ഐക്യം സാധ്യമാകുന്ന ഒന്നും ഹിന്ദുത്വത്തിലില്ല. അങ്ങനെ ഒരു പൊതു പിതാവില്‍ അവര്‍ വിശ്വസിക്കുന്നുമില്ല. ദൈവങ്ങള്‍ പോലും ഭിന്നമാണ്‌-

ശരിയാണ്. അവർക്ക് ഒരു പൊതു പിതാവിൽ വിശ്വസിയ്ക്കുന്നില്ല. ദൈവങ്ങളും ഭിന്നമാണ് (എന്ന് വച്ചോ). പക്ഷേ ചില സംഭവങ്ങൾ അവരുടെ എടയിലുണ്ടല്ലോ തിരുമേനീ. ഞാൻ വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും ശാസ്ത്രങ്ങളും ഭജനപ്പാട്ടുകളും ഭക്തിഗാനങ്ങളും ഒന്നും ഉദ്ധരിയ്ക്കാൻ പോകുന്നില്ല. അതിനു തുടങ്ങിയാൽ ഒരു ആയിരം പേപ്പർ എഴുതിവയ്ക്കാം ‘ഐക്യം’ എന്താന്ന്. പക്ഷേ അത് ചെയ്യുന്നില്ല. ചെയ്യില്ല. തിരുമേനിയ്ക്കതറിയാം എന്നെനിയ്ക്കറിയാം. പക്ഷേ ഈ താഴെയെഴുതിയിരിയ്ക്കുന്നത് അറിയാൻ വഴിയുണ്ടാവില്ല.

"എപ്പോഴും മുസൽമാന്മാരയ സുഹൃത്തുക്കളോടു കൂടെ കഴിയുന്നത്കൊണ്ട് ഞാൻ ഹിന്ദു മനസ്സിനെ അറിയാത്തവനായിപ്പോകുന്നു എന്നൊരു അടക്കം പറച്ചിലുണ്ട്. ഹിന്ദു മനസ്സെന്നത് ഞാൻ തന്നെയാണ്. എന്റെ എല്ലാ തന്തുക്കളും ഹിന്ദു തന്നെയായിരിയ്ക്കെ തീർച്ചയായും എനിയ്ക്ക് ഹിന്ദുക്കളുടെയിടയിൽ കഴിയേണ്ട കാര്യമില്ല. വലിയ എതിർപ്പുകളുടേയിടയിൽ അതിജീവിയ്ക്കാൻ കഴിയാഞ്ഞാൽ എന്റെ ഹിന്ദുത്വം വളരെ ദുർബലമായിരിയ്ക്കണം. ഹിന്ദുത്വത്തിനു എന്താണ് വേണ്ടതെന്ന് എനിയ്ക്ക് സഹജാവബോധത്താൽ തന്നെ അറിയാം. എന്റെ സഹജാവബോദ്ധം മുഴുവനായും ഹിന്ദുവാണ്. ഞാൻ പറയുന്നത് എല്ലാ ഹിന്ദുക്കൾക്കും സ്വീകാര്യമാകുമെന്നും എനിയ്ക്കറിയാം.

എന്റെ ഹിന്ദുത്വം വിഭാഗീയമല്ല. ഇസ്ലാമിലും കൃസ്തീയതയിലും ബുദ്ധമതത്തിലും സോരാഷ്ട്രീയമതത്തിലും ഉള്ള എനിയ്ക്കറീയാവുന്ന നല്ലതെല്ലാം ഉൾക്കൊള്ളുന്നതാണത്. രാഷ്ട്രീയത്തേയും മറ്റുള്ളതിനെപ്പോലെതന്നെ ആത്മീയമായാണ് ഞാൻ കാണുന്നത്. സത്യം എന്റെ മതവും അഹിംസ അതിന്റെ സാക്ഷാത്കാരത്തിനുള്ള ഒരേയൊരു മാർഗ്ഗവുമാണ്. വാളിന്റേതായ എല്ലാ സിദ്ധാന്തങ്ങളും എന്നെന്നേയ്ക്കുമായി ഞാൻ ഉപേക്ഷിച്ചു.എന്റെ ഭാഗം എന്നും വ്യക്തമാണ് ഞാൻ ഒരു ഹിന്ദുവായിരിയ്ക്കുന്നതിൽ അഭിമാനിയ്ക്കുന്നു. പക്ഷേ ഹിന്ദു മുസ്ലീം ഐക്യം ഉണ്ടാവാനായി  ഞാനൊരു ഹിന്ദു എന്ന പേരിൽ  അരുടേയുമടുത്ത് പോവുകയില്ല എന്ന എന്റെ സ്ഥാനം വളരെ വ്യക്തവുമാണ്. എന്റെ ഹിന്ദുത്വം വിശ്വസിയ്ക്കുന്നത് യാതൊരു സന്ധിയുടേയും ആവശ്യമില്ല എന്നാണ്. ആ വിധത്തിലൊരു രാഷ്ട്രീയക്കാരനുമല്ല ഞാൻ. എന്തുകൊണ്ടെന്നാൽ ഞാനൊരു സനാതനഹിന്ദു ആയത് കൊണ്ട് തന്നെ എനിയ്ക്ക് ഒരു കൃസ്ത്യാനിയും മുസ്ലീമും ബൗദ്ധനും ആകാൻ കഴിയും."
ഊപ്സ്, പണി പാളിയല്ലോ. ഏതോ സംഘി പറഞ്ഞതാവും അല്ലേ.

അതേ... പറഞ്ഞത് മഹാത്മാഗാന്ധിയാണ്. പോളിറ്റിക്കലി കറക്ടായിപ്പറഞ്ഞാൽ മോഹന്ദാസ് കരം ചന്ദ് ഗാന്ധി. ബ്രിട്ടീഷ് തമാശക്കാർ ഗൂഫിഗീഫി കാൻഡി എന്ന് വിളിയ്ക്കുന്ന മനുഷ്യൻ. ഞാനും വ്യക്തിപരമായി ഇങ്ങനെയാണ് വിശ്വസിയ്ക്കുന്നത്. ഞാനൊരു സ്പിരിച്വൽ ആശ്രയമായിക്കാണുന്ന ശ്രീരാമകൃഷ്ണപരമഹംസർ ഈ രീതിയിൽ, കൃസ്ത്യാനിയായും, മുസ്ലീമായും ജീവിച്ച് എല്ലാ ചിട്ടകളും പാലിച്ച് ആ വഴിയിലൂടെ ദൈവത്തെ സാക്ഷാത്കരിച്ചെന്നാണ് പറയപ്പെടുന്നത്.അതെന്താ ഈ സാക്ഷാൽക്കാരം എന്നൊക്കെ ആത്മീയകാര്യങ്ങൾ ചോദിയ്ക്കരുത്. തിരുമേനിയോളം അറിവെനിയ്ക്കതിൽ ഉണ്ടാവാൻ സാധ്യതയില്ല. വെറുമൊരു റേഡിയോഗ്രഫറാണ്. പള്ളീലച്ചനല്ല. എന്നാലും ആ മേൽപ്പറഞ്ഞ നിലയിൽ ഇന്നാട്ടിലെ ജനത ഒരുമിയ്ക്കുകയാണേൽ നല്ലതല്ലേ. അതാണീ ഹിന്ദുയിസത്തിലെ ഏകത. നിങ്ങളു വത്തിക്കാനാന്ന് പറഞ്ഞാലും നമ്മളു വിടൂല്ല. നമ്മളാരാ മോൻ.

-സാഹോദര്യം, സമത്വം ഇവയ്‌ക്ക്‌ ഒരു പൊതു പൈതൃകം വേണം. ഫ്രഞ്ച്‌ വിപ്ലവമൂല്യങ്ങളായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം ഇവയുടെ പിന്നില്‍ ഒരു പൊതു പൈതൃകവും ഒരു ദൈവവുമുണ്ട്‌. ഇതു മുസ്ലിം മതത്തിലുമുണ്ട്‌. ഐക്യപ്പെടുത്തുന്ന പൈതൃക സങ്കല്‍പങ്ങളില്ല. മാത്രമല്ല ഐക്യപ്പെടാന്‍ കഴിയാത്തവിധം ശരീരം വിഭജിതമാണ്‌. ബ്രഹ്‌മാവില്‍നിന്നുള്ള ജനനത്തില്‍ പോലും ഉച്ചനീചത്വങ്ങളാണ്‌-

ഫ്രഞ്ച് വിപ്ളവത്തെപ്പറ്റി പറഞ്ഞത് ഹഠാദാകർഷിച്ചു തിരുമേനീ. ഹഠാദാകർഷിച്ചു. 1789ൽ വിപ്ളവം തുടങ്ങുമ്പൊ കത്തോലിക്കസഭയായിരുന്നു ഫ്രാൻസ് ഭരിച്ചിരുന്നത്. അതായത് കത്തോലിക്ക മതം ഫ്രാൻസിലെ ഒഫീഷ്യൽ മതം,  ലൂയിക്കുഞ്ഞ് പോപ്പിനു വേണ്ടി ഭരിയ്ക്കുന്നു എന്ന ലൈൻ. വിപ്ളവം തന്നെയാണ് വന്നത് തിരുമേനീ. വിപ്ളവകാരികൾ ഒരുപാട് വധശിക്ഷയൊക്കെ നടപ്പാക്കി. ഇന്നത്തെക്കാലത്തത് ക്രൂരതയെന്നൊക്കെ പറയാം. എന്നാലും അവർ ചെയ്ത പ്രധാനകാര്യം കത്തോലിക്കസഭയെ വലിച്ച് പുറത്തിടുകയായിരുന്നു. കത്തോലിക്ക സഭ ഭരിയ്ക്കുമ്പോൾ പ്രൊട്ടസ്റ്റന്റുകാരും ജൂതന്മാരുമൊന്നും അന്നാട്ടിൽ ആരാധനാസ്വാതന്ത്ര്യമുണ്ടാരുന്നില്ല. പക്ഷേ വിപ്ളവകാരികൾ അവർക്ക് സകല സ്വാതന്ത്ര്യവും നൽകി. കത്തോലിക്ക സഭയുടെ സ്വത്തുക്കൾ കണ്ട് കെട്ടി. സഭയുടെ ഇടയന്മാരും ഇടയത്തികളും വിപ്ളവത്തിനെതിരെ പ്രവർത്തിയ്ക്കണമെന്ന് പറഞ്ഞ് സ്ഥിരം കുത്തിത്തിരുപ്പുമായി ചെന്നപ്പൊ പരീഷ്യൻ പെണ്ണുങ്ങൾ കൂട്ടം ചേർന്ന് അവരെ അടിച്ചോടിച്ച ചരിത്രം തിരുമേനിയ്ക്കറിയാമോ? പാരീസിലെ സാധാരണക്കാരികളായ പെണ്ണുങ്ങൾ അടിച്ചോടിച്ചു നിങ്ങളെ.

അവസാനം കത്തോലിക്കസഭയുടെ കൂടെ സഹായത്തോടെ വിപ്ളവത്തെ തകർത്ത് നെപ്പോളിയൻ ഫ്രഞ്ച് വിപ്ളവത്തിനെ അമർച്ച ചെയ്ത് വീണ്ടും ഏകാധിപത്യം കൊണ്ട് വന്നപ്പോഴാ തിരുമേനീ കത്തോലിക്ക സഭ തിരികെ ഫ്രാൻസിൽ കാലുകുത്തിയത്. എപ്പോഴും അങ്ങനെയാണ്. ഏകാധിപതികൾക്ക് എപ്പോഴും നിങ്ങളേപ്പോലെയുള്ള ഇൻസ്റ്റിറ്റ്യൂഷനുകളുടെ തണലുണ്ടാവും. എന്നിട്ടിപ്പൊ ഫ്രഞ്ച് വിപ്ളവം പ്രസംഗിയ്ക്കുന്നു. കേൾക്കരുത് 1790കളിലെ പരീഷ്യർ. ഗില്ലറ്റിൻ അവരു വീണ്ടും ഉരുട്ടിക്കൊണ്ട് വന്ന് കളയും.

ഇനി ബ്രഹ്മാവിൽ നിന്ന് വന്നതിലെ ഉച്ചനീചത്വം. പൊട്ടക്കള്ളം. എവിടെയാണ് ജന്മം കൊണ്ടുള്ള ഉച്ചനീചത്വം അംഗീകരിയ്ക്കുന്ന ഏതെങ്കിലും എവിടെയെങ്കിലുമുള്ളത്? കള്ളം പറയുന്നതിനും പരിധിയില്ലേ?


-വെള്ളാപ്പള്ളി കൊണ്ടുനടക്കുന്ന ആദര്‍ശങ്ങള്‍ അയല്‍ക്കാരില്‍നിന്നു കടമെടുത്തതാണ്‌. ആ സമത്വം അസാധ്യമായവരെ ഒന്നിപ്പിക്കുമ്പോള്‍ ഒരു പഴയ കഥ ആവര്‍ത്തിക്കുന്നതുപോലെ തോന്നുന്നു - വെള്ളം കലക്കിയ ആട്ടിന്‍കുട്ടിയോടു കോപിക്കുന്ന കുറുക്കന്റെ കഥ. കോപം കൊന്നുതിന്നാനുള്ള കൊതിയാണ്‌-

സമത്വം ഏത് അയൽക്കാരിൽ നിന്നാണ് കടമെടുത്തത്. സമത്വം ഒരു യൂണീവേഴ്സൽ സത്യമാണ്. ഒരു ദിവസം രാവിലേ ചില യൂറോപ്യർ ടോയ്ലറ്റ് പേപ്പറില്ലാഞ്ഞതിനാൽ കണ്ട് പിടീച്ച വസ്തുതയല്ലത്. ഭാരതദർശനങ്ങളിൽ സമത്വമെന്ന ആശയത്തെപ്പറ്റിയെഴുതിയാലൊരു പിച്ചഡീ തിരുമേനീടെ വത്തിക്കാൻ ഊണിവേഴ്സിറ്റി പോലും തരും. മനപ്പൂർവം എഴുതുന്നില്ല. ഹിന്ദുക്കളുടെയിടയിൽ സമത്വം തീർച്ചയായും വരണം. വന്നേ പറ്റൂ. അസമത്വം അങ്ങനെതന്നെ നിൽക്കണമെന്നാവും താങ്കൾക്ക് താൽപ്പര്യം. എന്നാലല്ലേ കുരിശുകൃഷി നടക്കൂ. അല്ല.?

അങ്ങനെ നിൽക്കരുത് ഹിന്ദു മതക്കാരുടെ ഇടയിലുള്ള അസമത്വങ്ങൾ മുഴുവൻ ഇല്ലാതെയാവണം. ഈ നാട്ടിനോടും സമൂഹത്തോടും സ്നേഹമുള്ള എല്ലാവരും ജാതിമതഭേദമന്യേ അങ്ങനെയാണ് ആഗ്രഹിയ്ക്കുന്നത്.

-ഈഴവരെ സമന്മാരായി നായന്മാര്‍ പരിഗണിച്ചില്ല; അമ്പലത്തില്‍ കയറ്റിയില്ല. അതുകൊണ്ട്‌ അവര്‍ ഈഴവ അമ്പലങ്ങള്‍ ഉണ്ടാക്കി. അതില്‍ പുലയനും പറയനും പ്രവേശനം കിട്ടിയില്ല. അതിന്‌ ക്രിസ്‌ത്യാനികളും മുസ്ലിംകളും കുറ്റക്കാരായ പോലെയാണ്‌ വെള്ളാപ്പള്ളി ഇപ്പോള്‍ സമത്വയാത്ര നടത്തുന്നത്‌-

ഈഴവരെ നായന്മാർ സമന്മാരായി കരുതിയിരുന്നില്ല എന്നത് സത്യമാണ്. നായരെ നമ്പൂതിരിയോ, ഈഴവർ ദളിതരേയോ പുലയർ പറയരേയോ പറയർ നായാടികളേയോ സമന്മാരായി കരുതിയിരുന്നില്ല. പരമസത്യം. പക്ഷേ അത് പാസ്റ്റ് ടെൻസ്. പക്ഷേ അങ്ങനെ സമത്വം ഉണ്ടാവാനാണ് ശ്രീനാരായണ ഗുരു ശ്രമിച്ചത്. ചട്ടമ്പിസ്വാമി ശ്രമിച്ചത്, സ്വാമി വിവേകാനന്ദൻ ശ്രമിച്ചത്, നാനാക്ക്, കബീർ ഒക്കെ പാടിയത്, പുറകിലോട്ട് എവിടെവരെ പോണം, അന്ന് വരെയുള്ള നല്ല മനസ്സുകളെല്ലാം ഒരുപാട് സഹിച്ചതും ശ്രമിച്ചതും. ഇന്ന് ആ സഹനത്തിന്റെ വിളവെടുക്കുന്ന കാലമാണ്. ജനാധിപത്യവും അംബേദ്കർ എന്ന മഹാനുഭാവൻ രചിച്ച ഭരണഘടനയും വേണ്ടിവന്നു സമത്വം എത്തിയ്ക്കാൻ. ഇനിയും മുന്നോട്ട് പോവും. മുസ്ലീങ്ങളും കൃസ്ത്യാനികളും എന്നൊക്കെ ബ്ളാങ്കറ്റായങ്ങ് പറയണ്ട. മുസ്ലീങ്ങൾ അവരുടെ കാര്യം പറഞ്ഞോളും. അതിനു ഈ നാട്ടിന്റെ ഉപ്പായിത്തന്നെ കോടിക്കണക്കിനു പേരിവിടുണ്ട്. കുരിശുയുദ്ധത്തിന്റെ ഇൻസ്റ്റിറ്റ്യൂഷനിലിരുന്ന് ഒരാൾ ഓരിയിടണ്ട അതിന്. കൃസ്ത്യാനികൾ ആരെങ്കിലും ഇതുപോലെ പറയും എന്ന് പ്രതീക്ഷിയ്ക്കുന്നു. അതോണ്ട് എല്ലാരേയും അങ്ങ് ഒരുമിച്ച് കെട്ടണ്ട. തിരുമേനീടെ കാര്യം പറഞ്ഞാ മതി.

-ചോദിച്ചേക്കാം ഈഴവര്‍ ഹിന്ദുക്കളാണോ? ഇ മാധവന്റെ സ്വാതന്ത്ര്യ സമുദായത്തില്‍ അര്‍ഥശങ്കയില്ലാതെ പറയുന്നു ഈഴവര്‍ ബുദ്ധമതക്കാരാണ്‌, അവര്‍ ശ്രീലങ്കയില്‍ നിന്നുവന്നവരാണ്‌ എന്ന്‌. ഇതു കുമാരനാശാനേയും ശ്രീനാരായണ ഗുരുവിനേയും വായിച്ചാല്‍ വ്യക്‌തവുമാണ്‌. കേരളത്തില്‍ ബൗദ്ധ പാരമ്പര്യമുള്ളവരാണു സുറിയാനി ക്രിസ്‌ത്യാനികളും. അവരുടെ പള്ളി, അപ്പന്‍, മുത്തപ്പന്‍ തുടങ്ങിയ പദങ്ങളും സ്‌ത്രീകളുടെ ചട്ടയും മുണ്ടും ബൗദ്ധ സ്വാധീനത്തിന്റെ സൂചനകളാണ്‌. ബൗദ്ധപാരമ്പര്യം സംഘബോധത്തിന്റെയും സംഭ്രാതൃത്വത്തിന്റെയുമാണ്‌-
ശ്രീനാരായണഗുരുവിനേയും കുമാരനാശാനേയും വായിച്ചാൽ ഈഴവർ ഹിന്ദുക്കളല്ല എന്ന് പറയുന്നവർ ആരെങ്കിലുമുണ്ടേൽ രണ്ട് വാക്ക്. വിവരക്കേടല്ല ഇത് പച്ചക്കള്ളത്തരങ്ങളാ‍ണ്. പച്ചക്കള്ളം പറഞ്ഞാൽ, എത്രതവണ പറഞ്ഞാലും സ്പാനിഷ് ഇങ്ക്വിസിഷന്റെ സമയത്ത് അമേരിക്കനിഡ്യാക്കാരുടെ സകല ഗ്രന്ധങ്ങളും സഭ കത്തിച്ച് കളഞ്ഞപോലെ കത്തിച്ച് കളഞ്ഞിട്ട് തിരുമേനി നിന്ന് ശ്രീനാരായണഗുരു ബുദ്ധമതക്കാരനെന്ന് പറഞ്ഞോ. നോ വറീസ്.

അപ്പോഴും വിക്കിഗ്രന്ധശാലയിൽ പോയി നോക്കിയാൽ ദേവീസ്തുതികൾ, വിനായകസ്തുതികൾ, സുബ്രഹ്മണ്യസ്തുതികൾ എന്ന പേരിലൊക്കെ അടുക്കി വച്ചിരിയ്ക്കുന്ന ശ്രീനാരായണഗുരു കൃതികൾ കാണാം. അത് ഞാൻ ഹൈന്ദവം എന്ന് പറയുന്നില്ല. വേണ്ട. എന്റെ ഹൈന്ദവം ഇവിടെയാണ് അനുകമ്പാദശകത്തിൽ…

അപ്പം നമുക്ക് ച്ചെരെ ഗുരുവിനേയും ആശാനേയും കേൾക്കാം.  പാർഡൻ മൈ ഫ്രഞ്ച്.

പരമാർത്ഥമുരച്ചു തേർ വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാവൻ?

പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്നമോ?

അനുകമ്പയുടെ മൂർത്തിയാരെന്നാണു ഗുരുദേവൻ ചോദിയ്ക്കുന്നത്. അർജ്ജുനനിലൂടെ ലോകത്തിനു സത്യസ്ഥിതി വെളിപ്പെടുത്തിക്കൊടുത്തിട്ട് അർജ്ജുനന്റെ തേർ നടത്തിയ കൃഷ്ണനോ അതോ ജീവകാരുണ്യത്തിനും സഹനശക്തിയ്ക്കും സമുദ്രമായി വർത്തിച്ച ബുദ്ധദേവനോ അതോ ഗീതയ്ക്കും ഉപനിഷത്തുക്കൾക്കും ബ്രഹ്മസൂത്രത്തിനും ലളിതമായ അദ്വൈത ഭാഷ്യം രചിച്ച ശ്രീശങ്കരനോ ആരാണീ അനുകമ്പ നിറഞ്ഞ മനുഷ്യർ? അതോ പുരുഷവേഷം ധരിച്ചെത്തിയ സക്ഷാദീശ്വരൻ തന്നെയാണോ ഈ അനുകമ്പയാണ്ടവൻ? അതോ ദിവ്യമായ മനുഷ്യരൂപം ധരിച്ചെത്തിയ സാക്ഷാത് ധർമ്മം തന്നെയാണോ? ഇനിയും നേരിട്ട് ദൈവപുത്രനായി ജനിച്ച കൃസ്തുദേവനാണോ ഈ അനുകമ്പാ മൂർത്തി? അതോ കരുണാനിധിയായി വിലതീരാത്ത രത്നമായി പ്രശോഭിച്ച നബിദേവൻ തന്നെയാണോ? ആരാണ് അനുകമ്പാ മൂർത്തി…

(ആരാണ് എന്ന് ചോദിയ്ക്കുന്നത് ഗുരുദേവൻ സംശയമായല്ല. എല്ലാവരും അനുകമ്പാമൂർത്തികളല്ലേ എന്ന് പറയുകയാണ്... ഗുരുദേവനെന്ന അനുകമ്പാ മൂർത്തി.)

(ഇത്രയും പകർത്തിയെഴുതിക്കഴിഞ്ഞപ്പൊ അവാച്യമായതെന്തോ പോലെ തോന്നിയതിനാൽ ബാക്കി ലേഖനത്തിന്റെ ഭാഷ അൽപ്പം മൃദുലമായിരിയ്ക്കും. കഠിന വെള്ളാപ്പള്ളി അനുകൂലികൾ ക്ഷമിയ്ക്കുക.)

-വെള്ളാപ്പള്ളി ഐക്യത്തില്‍നിന്നു പുറത്താക്കുന്നതു ക്രിസ്‌ത്യാനികളെയും മുസ്ലിംകളെയുമാണ്‌. ബ്രാഹ്‌മണാധിപത്യത്തിനു കീഴില്‍ ഭൂമി ബ്രഹ്‌മസ്വവും ദേവസ്വവുമായിരുന്നു. പാട്ടം, കാണം, വാരം എന്നിങ്ങനെ എടുത്തു കേരളത്തില്‍ കാര്‍ഷികവൃത്തിയില്‍ മാത്രം ആശ്രയിച്ച്‌ ജീവിച്ചുപോന്ന മൂന്നു സമുദായങ്ങളാണ്‌ ഈഴവരും, ക്രിസ്‌ത്യാനികളും, മുസ്ലിംകളും. സര്‍ക്കാര്‍ ജോലികളും ഭൂമിയും ആഢ്യവര്‍ഗത്തിന്റേതായിരുന്നു. അപ്പോള്‍ അവശതയില്‍ ജീവിച്ചവരാണ്‌ എന്നതു മറക്കാം-

വെള്ളാപ്പള്ളി ഹിന്ദു ഐക്യത്തിൽ നിന്ന് മുസ്ലീങ്ങളേയും കൃസ്ത്യാനികളേയും പുറത്താക്കിയോ? എങ്കിൽ അത് തികച്ചും കുറ്റകരം തന്നെയാണ്. ഹിന്ദു ഐക്യത്തിൽ മുസ്ലീങ്ങളും കൃസ്ത്യാനികളും ഇല്ലെങ്കിൽ അത് ഐക്യമല്ല തന്നെ. അത് ഹിന്ദുവിന്റെ എല്ലാ തത്വങ്ങൾക്കും എതിരുമാണ്. പൂർണ്ണമായും സമ്മതിയ്ക്കുന്നു. പക്ഷേ കൃസ്ത്യാനികളും മുസ്ലീങ്ങളുമൊക്കെ അതിൽ ചേർന്നിട്ടുണ്ടല്ലോ. പേരിനെങ്കിലും. അത് പോട്ട്.

പക്ഷേ ഈഴവരും കൃസ്ത്യാനികളും മുസ്ലീങ്ങളും മാത്രമല്ലല്ലോ അച്ചാ, കാർഷികവൃത്തിയെ മാത്രം ആശ്രയിച്ച് നിന്ന് പോന്നത്. സവർണ്ണരെന്ന് മിഥ്യാഭിമാനത്തിൽ കഴിഞ്ഞ അന്ധരെങ്കിലും നായന്മാരിലെ ഭൂരിഭാഗം പാവപ്പെട്ടവരും ജന്മിമാരല്ലായിരുന്നു. ദളിതരോ? അവരും കർഷകരോ തൊഴിലാളികളോ ആയിരുന്നില്ലേ? ഇപ്പറഞ്ഞ കൃസ്ത്യാനികളിലേയും മുസ്ലീങ്ങളിലേയും ജന്മിമാരിലെ പ്രൊപ്പോഷനേറ്റ് ആയേ അന്ന് സവർണ്ണരിലും ജന്മിമാർ ഉണ്ടായിരുന്നുള്ളൂ അങ്ങനെയല്ലേ? എത്ര കൃസ്ത്യാനികളാണ് അതിസമ്പന്നരായിരുന്ന ജന്മിമാരുണ്ടായിരുന്നത്. തരകന്മാരും, പിള്ളമാരുമൊക്കെ എവിടന്ന് വന്നതാണ്? അപ്പോൾ ആഡ്യവർഗ്ഗം സവർണ്ണ ഹിന്ദുക്കൾ മാത്രമല്ല സവർണ്ണ കൃസ്ത്യാനികളും സവർണ്ണ മുസ്ലീങ്ങളും ഉണ്ടാരുന്നു (സത്യം പറയാമല്ലോ, മുസ്ലീങ്ങളിൽ കൃസ്ത്യാനികളുടേതിന്റെ അത്ര ജാതി ഉണ്ടായിരുന്നില്ല. എന്നാലും )


-പക്ഷേ, ഈ മൂന്നു കൂട്ടര്‍ക്കും കൃഷിഭൂമി സ്വന്തമായി ലഭിച്ചതു കമ്യൂണിസ്‌റ്റായ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ ഭൂനിയമങ്ങളെ തുടര്‍ന്നാണ്‌-

വീണ്ടും പച്ചക്കള്ളമല്ലേ പറയുന്നത്. കൃസ്ത്യാനിയ്ക്കും ഈഴവനും മുസ്ലീമിനും കൃഷിഭൂമി സ്വന്തമായി ലഭിയ്ക്കാതിരിയ്ക്കാൻ ഏത് നിയമമാണീ നാട്ടിൽ ഭൂപരിഷ്കരണത്തിനു മുൻപുണ്ടായിരുന്നത്? ഇപ്പറഞ്ഞ മൂന്നുകൂട്ടരും സ്വന്തമായി എത്രയോ ഏക്കർ ഭൂമി അനുഭവിച്ചിരുന്നവരാണ്? അതിൽ ഈഴവരുടെ കാര്യം വളരെ കഷ്ടമായിരുന്നു. പക്ഷേ കൃസ്ത്യാനികൾ ഭൂപ്രഭുക്കന്മാരായിരുന്നില്ലെന്ന് പറയരുത്.

-ഈ വിപ്ലവവും കേരളത്തില്‍ സൃഷ്‌ടിക്കപ്പെട്ടതിന്റെ ആധാരവും വൈദേശീയമാണ്‌. സ്വാതന്ത്ര്യസമരത്തില്‍ നെഹ്‌റുവിനെപ്പോലുള്ളവര്‍ ഇന്ത്യ കണ്ടെത്തിയതു നവോത്ഥാന മാനവീകതയിലാണ്‌; അതു പാശ്‌ചാത്യമായിരുന്നു. മാത്രമല്ല അബ്രാഹത്തിന്റെ വിശ്വാസത്തിലൂന്നിയ യഹൂദ-ക്രൈസ്‌തവ-ഇസ്ലാമിക മതപാരമ്പര്യത്തിലെ ഏക ദൈവവിശ്വാസവും ഏക മാതാപിതാക്കളും സൃഷ്‌ടിക്കുന്ന സാഹോദര്യ ഈഴവരുടെ നവോത്ഥാനത്തിനിടയാക്കിയതും ആ പൊതു പൈതൃകത്തില്‍ നിന്നുതന്നെയുള്ള കമ്യൂണിസവുമായി ബന്ധപ്പെട്ടതാണ്‌-

-ഈഴവ സമൂഹം ക്രൈസ്‌തവസഭയില്‍ ചേരുന്നതിനെക്കുറിച്ച്‌ ഒരിക്കല്‍ ആലോചിച്ചിട്ടുണ്ട്‌. പിന്നീട്‌ അവരില്‍ പലരും കമ്യൂണിസത്തിന്റെ കുടക്കീഴിലായി. ഇതൊന്നും അവര്‍ ഹൈന്ദവ മൂല്യങ്ങളില്‍നിന്നുണ്ടായ നവോത്ഥാനമായിരുന്നില്ല. ചാവറയച്ചനും മദര്‍ തെരേസയും ഭാരതീയ സമൂഹത്തില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിച്ചെങ്കില്‍ അതു ക്രൈസ്‌തവ മാനവികതയുടെ ഫലമാണ്‌-
-മലയപ്പുലയനു വാഴക്കുലയ്‌ക്ക്‌ അവകാശം ഉണ്ടാക്കിയതും തോട്ടിയുടെ മകനു മനുഷ്യത്വം ഉണ്ടാക്കിയതും കമ്യൂണിസ്‌റ്റ്‌ മാനവദര്‍ശനം ചങ്ങമ്പുഴയും തകഴിയും ഉള്‍ക്കൊണ്ടതു കൊണ്ടാണ്‌. ഇതൊന്നും ഹിന്ദുത്വതയുടെ ഘര്‍ വാപസികൊണ്ട്‌ ഉണ്ടാകുന്നതല്ല-


വീണ്ടും വളച്ചൊടിയ്ക്കൽ. നവോദ്ധാനം പാശ്ചാത്യമായിരുന്നു എങ്കിൽ അതിൽ ക്രൈസ്തവസഭകൾക്കുള്ള സ്റ്റേക് എന്താണ്? ഈ ക്രൈസ്തവസഭകൾക്കെതിരേ വെളിവുള്ള മനുഷ്യരല്ലേ നവോദ്ധാനം നടത്തിയത്. ക്രൈസ്തവസഭ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ വികൃതമൂല്യങ്ങളെ ചവുട്ടിപ്പുറത്താക്കിയിട്ടാണ് ആധുനികമനുഷ്യൻ (പാശ്ചാത്യനല്ല, ആധുനികമനുഷ്യൻ) മുന്നോട്ട് വന്നത്. ആ സമയം ഭാരതം മിക്കവറുമിടങ്ങളിൽ ഏകതയും സമതയും നിലനിന്നിരുന്ന സമയമാണ്. ബ്രാഹ്മണമതം എന്ന ഉച്ചനീചത്വങ്ങൾ പിടിമുറുക്കിയിട്ട് അധികകാലമൊന്നുമായില്ല അച്ചോ. അതിനു മുന്നേ ഈ ഹൈന്ദവ ഐക്യം, സമത ഇവിടെയുണ്ടാരുന്നു. അന്ന് ഇൻഡ്യയിൽ നിലവിലിരുന്ന വർണ്ണവ്യതിയാനത്തിനു തുല്യമായ ക്ളാസ് സ്ട്രക്ചർ ഏത് പാശ്ചാത്യനാടുകളിലാണ് ഇല്ലാതിരുന്നത്?

പക്ഷേ അവർ അതിനേയും തകർത്തു. എങ്ങനെ?  താങ്കൾ ഉൾപ്പെടുന്ന സഭയ്ക്കെതിരേ പ്രവർത്തിച്ചും സഭയെ പൊതുസമൂഹത്തിൽ നിന്ന് ഒഴിവാക്കിയും. അല്ലേ?.

അതുപോലെ ബ്രാഹ്മണമതത്തിനെതിരേ അനാദികാലം മുതലേ സമതയുമായി ഇന്നാട്ടിൽ ഓരോരോയിടത്തും മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. ശങ്കരാചാര്യർ മുതൽ തുടങ്ങണം. ബുദ്ധഭഗവാൻ മുതൽ തുടങ്ങണം. ശങ്കരാചാര്യരുടെ മനീഷാപഞ്ചകം വായിച്ചിട്ടുണ്ടോ? ഇല്ലാത്തവർക്ക്, ബ്രാഹ്മണനായാലും ചണ്ഡാളനായാലും എന്റെ ഗുരു എന്ന് ഉറപ്പിച്ച് പറഞ്ഞ ശങ്കരാചാര്യരെ അറിയുമോ? ന മേ മൃത്യുശങ്കാ നമേ ജാതിഭേദാ പിതാനൈവമേനൈവ മാതാ ന ജന്മ ന ബന്ധുർനമിത്രം ഗുരുർനൈവ ശിഷ്യ എന്ന് പറഞ്ഞ ശങ്കരന്റെ കാലം മുതൽ തുടങ്ങുന്നു ഇന്നാട്ടിലെ നവോദ്ധാനം. പിന്നെ പാശ്ചാത്യമായതെന്തും അന്യമൊന്നുമല്ല ഇന്നാട്ടുകാരന്. പാശ്ചാത്യമായതെന്തും കൃസ്തീയവുമല്ല. ഇതേ കൃസ്തുമതത്തിനും സഭയ്ക്കും എതിരേ സഭയുടേതും കൃസ്തുമതത്തിന്റേതുമായ എല്ലാത്തിനേയും തമസ്കരിച്ച് വന്ന കമ്യൂണിസ്റ്റ് മാർക്സിസത്തേയും യൂറോപ്യൻ റിണയസൻസിനേയും കൃസ്തീയമെന്ന് പറയുന്ന അങ്ങ് കണക്ക് സാറിന്റെ അടുത്തൂന്നാവണം ഹിസ്റ്ററി പഠിച്ചത് അല്ലേ. കൊള്ളാം. അച്ചോ ഇത് വിക്കീപ്പീഡികയുടെ സമയമാണ്.

കമ്യൂണിസ്റ്റുകാർ ഞെട്ടിത്തരിച്ചിരിയ്ക്കുകയാവും ഇതൊക്കെ വായിച്ച്. എന്ത്? മൂവായിരത്തോളം അച്ചന്മാരേയും സന്യാസിനികളേയും കൊന്ന് വിപ്ളവം വരുത്തിയ ലെനിന്റെ പിൻഗാമികളെ സഭയെന്ന് തെറ്റിദ്ധരിപ്പിയ്ക്കാൻ അന്യായ മെയ് വഴക്കമൊന്നും പോര.

ഇനി തിരുമേനീ കൊറച്ച് പേരങ്ങോട്ട് പറയട്ടേ..ഈ ഊറോപ്യൻ നവോദ്ധാനത്തെപ്പറ്റ്യൊന്നും യാതൊരു പിടിപാടുമില്ലാതെ ഈ കൊച്ച് കേരളത്തിൽ നവോദ്ധാനനായകരായവർ? വിശാലഭാരതം പറയുന്നില്ല. കുഞ്ഞൻ കേരളം.. തൈക്കാട് അയ്യാവ്, വൈകുണ്ഠസ്വാമി, അയ്യങ്കാളി, ആഗമാനന്ദൻ, നെടുവത്തമ്മാൻ, ബ്രഹ്മാനന്ദശിവയോഗി, വാഗ്ഭടാനന്ദൻ, ശുഭാനന്ദഗുരു, ശ്രീനാരായണൻ, ചട്ടമ്പിസ്വാമി...ഇല്ല കഴിവതും പാശ്ചാത്യവിദ്യാഭ്യാസം കിട്ടിയവരേയും അറബിക്, ബൈബിൾ വിദ്യാഭ്യാസം കിട്ടിയവരേയും ഒഴിവാക്കിയാണ് പറയുന്നത്. കാരണം അല്ലെങ്കിൽ ചിലപ്പൊ തിരുമേനി അവരെയും കൂട്ടത്തിക്കൂട്ടിക്കളയും. അറബിക് വിദ്യാഭ്യാസം ലഭിച്ചവരാണെങ്കിലും പണ്ട് അവർ ടർക്കിയിലെങ്ങാണ്ടുണ്ടാരുന്നെന്ന് പറഞ്ഞ് കളയും. അതോണ്ടാണ് കുമാരനാശാനേം, ഡോക്ടർ പൽപ്പൂനേം ഒഴിവാക്കിയത്. സോറീ. ഇവരു പോരേ തിരുമേനീ ഒരു അര വോൾട്ടെയർ? ഒരു കാൽ വോൾട്ടയറെങ്കിലും? കവാത്ത് തിരുമേനി മറന്നൂന്നറിയാം. ഞങ്ങൾ മറക്കൂല്ല. ഇനിയെങ്കിലും മറക്കൂല്ല.

-സ്വതന്ത്ര ഇന്ത്യയില്‍നവോത്ഥാന കാഴ്‌ചപ്പാടില്‍ ഈഴവരും ക്രൈസ്‌തവരും മുസ്ലിംകളും വളര്‍ന്നു. ക്രൈസ്‌തവ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഉണ്ടായി. ചാവറയച്ചന്‍ തുടങ്ങിയ പള്ളിയോടു കൂടിയുള്ള പള്ളിക്കൂടങ്ങള്‍ ക്രിസ്‌ത്യാനികളെ മാത്രം പഠിപ്പിക്കാനായിരുന്നില്ല. അവയില്‍ പഠിച്ചു ഹിന്ദുക്കളും ക്രിസ്‌ത്യാനികളും മുസ്ലിംകളും വളര്‍ന്നു-. -മുസ്ലിംകള്‍ ഇപ്പോഴാണ്‌ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ തല്‍പരരായത്‌-
-അടുത്ത കാലത്താണ്‌ ക്രൈസ്‌തവര്‍ പ്രത്യേകിച്ചു കത്തോലിക്കാ സഭ തൊഴിലധിഷ്‌ഠിത ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ താല്‍പര്യം കാണിച്ചത്‌-. -സ്വാശ്രയ സ്‌ഥാപനങ്ങള്‍ കേരളത്തിന്റെ വികസനത്തിന്റെ നിര്‍ണായക കാല്‍വയ്‌പായിരുന്നു-. -സഭ സ്വാശ്രയ സ്‌ഥാപനങ്ങള്‍ തുടങ്ങിയതു പണത്തിന്റെ കൊഴുപ്പു കൊണ്ടല്ല, ഒരു സാമൂഹിക ആവശ്യം നിറവേറ്റുകയായിരുന്നു. അതുകൊണ്ട്‌ കച്ചവടം നടത്തിയെന്നും ന്യൂനപക്ഷാവകാശങ്ങള്‍ പണമുണ്ടാക്കാന്‍ ഉപയോഗിച്ചു എന്നുമുള്ള ആരോപണങ്ങള്‍ കടുത്ത സ്‌പര്‍ധയുടെ മാത്രമാണ്‌-


സ്വതന്ത്ര ഇൻഡ്യയിൽ നവോദ്ധാന കാഴ്ചപ്പാടിൽ ക്രൈസ്തവരും മുസ്ലീങ്ങളും ഈഴവരും നായന്മാരും ബ്രാഹ്മണരും ബുദ്ധമതക്കാരും ഒക്കെ വളർന്നു. ആ നവോദ്ധാന കാഴ്ചപ്പാടിനു പാശ്ചാത്യവും പൗരസ്ത്യവുമായിരുന്ന ഒരുപാട് വസ്തുതകൾ ഫ്രഞ്ച് വിപ്ളവം മുതൽ മഹാത്മാഗാന്ധി വരെ കാരണമാണ്. യൂറോപ്യൻ  നവോദ്ധാനത്തിനു സത്യം പറഞ്ഞാൽ സഭയെ അഭിനന്ദിയ്ക്കണം. കാരണം സഭയുടെ ക്രൂരതകളില്ലായിരുന്നെങ്കിൽ അങ്ങനെ സംഭവിയ്ക്കില്ലായിരുന്നു. ഇനി അവസാനം സഭ ചാക്കോമാഷിനെക്കൂട്ട്  മകനെ നന്നാക്കാനായിരുന്നു കഴയിൽക്കെട്ടി പച്ചയ്ക്ക് തീകൊളുത്തിയത് എന്ന് വാദിച്ച് കളയരുത്. പ്ളീസ്..

മുസ്ലീങ്ങൾ ഇപ്പോഴാണ് വിദ്യാഭ്യാസത്തിൽ ആകൃഷ്ടരായതെന്ന്. അമ്പേ വീണ്ടും പച്ചക്കള്ളം. ലോകത്ത് എന്നെങ്കിലും ഒരു മതത്തിന്റെ തണലിൽ വിദ്യാഭ്യാസത്തിനും പുതിയ ആശയങ്ങൾക്കും ഔന്നത്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മുസ്ലീം ഭരണത്തിലായിരുന്നെന്ന് അച്ചനങ്ങ് തമസ്കരിച്ചു. ശരിയാണ് ആധുനിക ഇസ്ലാമിൽ പ്രശ്നങ്ങളൊക്കെ അനുഭവിയ്ക്കുന്നുണ്ട്. അവരതിനെ തകർത്തെറിഞ്ഞ് മുന്നോട്ട് വരുകയും ചെയ്യും. പക്ഷേ അവർക്കതിനു ഇപ്പോഴും കുരിശുയുദ്ധങ്ങൾക്ക് ഫണ്ട് ചെയ്യുന്ന ഇവാഞ്ചലിക്കൽ ദുഷ്ടന്മാരുടെ സപ്പോർട്ട് ആവശ്യമില്ല. ഇനി പള്ളിക്കൂടങ്ങളുടെ ചരിത്രം..

കത്തോലിക്ക് മിഷണറിമാർ നമ്മുടെ നാട്ടിലെ ആദ്യകാല വിദ്യാഭ്യാസത്തിനോ സ്ത്രീവിദ്യാഭ്യാസത്തിനോ വലിയ സംഭാവനകളൊന്നും നൽകിയിട്ടില്ല. മതവിദ്യാഭ്യാസത്തിനു വേണ്ടുന്ന സെമിനാരികൾ പണിയുകയും ബൈബിൾ പ്രചരിപ്പിയ്ക്കുകയും ചെയ്തതൊഴിച്ചാൽ. ചില സെമിനാരികളോടും പള്ളികളോടുമനുബന്ധിച്ച് പ്രാഥമിക വിദ്യാലയങ്ങൾ നിലവിലിരുന്നു. കുടിപ്പള്ളിക്കൂടങ്ങളും എഴുത്ത് പള്ളികളും അല്ലാതെ തന്നെ നാട്ടിലെമ്പാടും നിലനിന്നിരുന്നു താനും. പ്രൊട്ടസ്റ്റെന്റ് മിഷണറിമാർ സ്ഥാപിച്ച എൽ എം എസും സീ എം എസും ബാസൽ മിഷനുമൊക്കെ മലയാളഭാഷയ്ക്ക് തന്നെ നൽകിയ സംഭാവനകൾ മറക്കാവതുമല്ല.

ബ്രാഹ്മണമതത്തിന്റെ പിടിയിലകപ്പെട്ട ഒരു ഇരുണ്ട യുഗം നമ്മുടെ നാട്ടിനുണ്ടായി. സ്ത്രീയ്ക്ക് മാത്രമല്ല, പുരുഷന്മാർക്കും താണജാതിയിലുള്ളവർ എന്ന പേരിൽ ബ്രാഹ്മണരൊഴികെയുള്ള എല്ലാവർക്കും വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെട്ടു. എന്നാലും നായന്മാരുടെ പ്രത്യേകമായ ചില സാമൂഹിക  ആചാരങ്ങൾ നായർ സ്തീകളെ സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിർത്തിയിരുന്നുവെന്ന് ഓർക്കാതെ വയ്യ. ഈഴവരിൽ ആണുങ്ങളും വൈദ്യം സംസ്കൃതം ഒക്കെ പഠിച്ച് വൈദ്യവൃത്തിയും മറ്റും നടത്തിയിരുന്നു എന്ന് മറക്കരുത്.കുറച്ച് സ്ത്രീകളെങ്കിലും ഈഴവരിൽ ഉന്നതവിദ്യാഭ്യാസമുള്ളവരുണ്ടായിരുന്നു. എന്റെ നാട്ടിൽ പ്രമുഖമായ, പരമ്പരാഗതമായി വൈദ്യന്മാരായിരുന്ന ഒരു ഈഴവകുടുംബത്തിലെ നേത്രവൈദ്യത്തിൽ അതിപ്രശസ്തയും പ്രഗൽഭയും മഹാവിദുഷിയുമായിരുന്ന ഒരു അമ്മൂമ്മയുടെ കഥകൾ കേട്ടിട്ടുണ്ട് . പഠിയ്ക്കുക എന്നത് ഒരു വലിയ കാര്യമായിത്തന്നെ അന്ന് കരുതിയിരുന്നു. എഴുത്താശാന്മാരും പയലുപള്ളിക്കൂടങ്ങളും നാട്ടിലുടനീളം ആണു പെണ്ണു വ്യത്യാസമില്ലാതെ കുറഞ്ഞത് ഈഴവർ ആശാരി വിശ്വകർമ്മജർ ഒക്കെ ഓബീസീ വരെയുള്ള ജാതിവരെയെങ്കിലും പ്രാഥമിക വിദ്യാഭ്യാസം നൽകിപ്പോന്നു.

സ്ത്രീ വിദ്യാഭ്യാസത്തിന്റേയും പൊതു വിദ്യാഭ്യാസത്തിന്റേയും കാര്യം വരുമ്പൊ തിരുവിതാംകൂറീൽ റാ‍ണി ഗൌരീ പാർവതീഭായി, റാണി ലക്ഷ്മീ ഭായി മുതൽ ചിത്തിരതിരുനാൾ, സീ പീ രാമസ്വാമി അയ്യർ വരെയുള്ള ആൾക്കാരെ നമ്മൾ മറന്നുപോകുന്നതെന്ത്? ശരിയാണ്. അവർ സവർണ്ണ ഐഡിയോളജിയുള്ളവരും രാജാക്കന്മാരുമായിരുന്നു. പക്ഷേ അത് പൊതുവിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പൊ അവർ ചെയ്ത നല്ല കാര്യങ്ങളെ പരിഗണിയ്ക്കുന്നതിൽ നിന്ന് വിട്ടു കൂടല്ലോ.

വേലുത്തമ്പി ദളവ എല്ലാ ഗ്രാമങ്ങളിലും മലയാളം സ്കൂളുകൾ തുടങ്ങാൻ ആലോചിച്ച് ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. അതിനു മുന്നേ അങ്ങോരെ ബ്രിട്ടീഷുകാർ കൊന്നു . പക്ഷേ ആ പദ്ധതി അവിടെക്കിടന്നു. 1817ൽ റാണി ഗൌരി പാർവതീ ഭായി തിരുവിതാംകൂറിലെ ജനങ്ങളുടെ മുഴുവൻ വിദ്യാഭ്യാസ ചുമതലയും ചിലവും സ്റ്റേറ്റിനാണ് എന്ന് ഒരു ഉത്തരവിറക്കി. വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നാണാ ഉത്തരവ് അറിയപ്പെടുനത്. വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചുമതലയും സ്റ്റേറ്റ് ഏറ്റെടുക്കുകയും അധ്യാപകർക്ക് മാസം ഏഴുരൂപാ ശമ്പളം നിശ്ചയിച്ച് മാതൃഭാഷയിൽത്തന്നെ സ്കൂളിങ്ങ് ആരംഭിയ്ക്കുകയും ചെയ്തു.

ഇതേ തിരുവിതാംകൂർ ഭരണകൂടം തന്നെയാണു ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി പ്രൊട്ടസ്റ്റന്റ് മിഷണറിമാരായ ലണ്ടൻ മിഷണറി സൊസൈറ്റിയെ  (LMS) പ്രത്യേകം ക്ഷണിച്ച് സ്കൂളുകൾ ആരംഭിപ്പിയ്ക്കുന്നതും.അങ്ങനെ അവർ ക്ഷണിച്ച് വന്ന എൽ എം എസ് പാതിരി റവറന്റ് വില്യം തോബിയാസ് ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച് ജാതി മത ഭേദമന്യേ ആൾക്കാർക്ക് പ്രവേശനം അനുവദിച്ചു. അതിനു ശേഷം വന്ന റവറന്റ് മീഡ് അദ്ദേഹത്തിന്റെ ജോലി തുടർന്നു. ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, തമിഴ് എന്നീ ഭാഷകൾ ആ വിദ്യാലയങ്ങളിൽ പഠിപ്പിച്ചു. ഈ പ്രൊട്ടസ്റ്റെന്റ് പാതിരിമാർ വന്ന് ഇന്നാട്ടിലെ  ബ്രാഹ്മണർ അനുഭവിച്ചുകൊണ്ടിരുന്ന മൃതപ്രായമായിക്കിടന്ന വിദ്യകളും ശാസ്ത്രീയമായി ആദ്യം അവർ പഠിയ്ക്കുകയും പിന്നെ അതിന്റെ ഗരിമ തിരിച്ചറിഞ്ഞ് പഠിപ്പിയ്ക്കുകയും ചെയ്തു എന്നും മറക്കാവതല്ല.

തിരുവിതാംകൂറിലെ ആദ്യത്തെ പെൺ പള്ളിക്കൂടം ഒരു ബോർഡിങ്ങ് സ്കൂളായി തുടങ്ങിയത് റവറന്റ് മീഡ് ആയിരുന്നു. എല്ലാ ഒത്താശകളും പണവും നൽകിയത് തിരുവിതാകൂർ സ്റ്റേറ്റും. മുന്നൂറോളം സ്കൂളുകൾ സ്റ്റേറ്റിന്റെ പണം കൊണ്ട് എൽ എം എസ് നടത്തിയിരുന്നു.

സിറിയൻ കൃസ്ത്യാനികളുടേതായിരുന്ന സെമിനാരിയോടനുബന്ധിച്ച് കോട്ടയത്ത് ഒരു വിദ്യാലയം തുടങ്ങാനാവശ്യമായ പണവും, കെട്ടിട നിർമ്മാണ സാമഗ്രികളും, സ്ഥലവും സൌജന്യമായി നൽകിയത് തിരുവിതാംകൂർ സ്റ്റേറ്റു തന്നെയാണ്.സുറിയാനി കൃസ്ത്യാനികളുടെ കയ്യിൽ നിന്ന് ആ കോളേജ് സീ എം എസ് ഏറ്റെടുത്ത് നടത്തി. കൂടെ ഒരുപാട് സ്കൂളുകളും തുടങ്ങി. സുറിയാനി കൃസ്ത്യാനികളും സീ എം സും തമ്മിലുണ്ടായ ഒരു തർക്കത്തിനവസാനം സ്കൂളുകൾ പൂട്ടുകയും കോട്ടയത്തെ കോളേജ് സീ എം എസ് സഭ നടത്തുകയും ചെയ്തു. അവിടെ സ്റ്റേറ്റ് ആവശ്യപ്രകാരം തന്നെ ശാസ്ത്രവിഷയങ്ങൾ പഠിപ്പിയ്ക്കാൻ തുടങ്ങി. അന്നുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണകൂടം (സിവിൽ സർവീസ് എന്ന് ലൂസായി വ്യാഖ്യാനിയ്ക്കാം) മിഷണറിമാരെ പിന്തുണച്ചിരുന്നത് കൊണ്ടും ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുവാൻ വേണ്ട മാനുഷികവിഭവശേഷി അന്ന് നമുക്കില്ലായിരുന്നത് കൊണ്ടും മിഷനറിമാർക്ക് സ്റ്റേറ്റ് പണം നൽകാനും അവരുടെ മതപരിവർത്തന പ്രവർത്തനങ്ങൾ വിദ്യാഭ്യാസം നൽകുന്നതിന്റെ വിയർപ്പോഹരി :-) വിലയായി അനുവദിയ്ക്കാനും സ്ട്രാറ്റജിക് ആയ തീരുമാനം തിരുവിതാംകൂർ രാജവംശം എടുക്കുകയായിരുന്നു. 1859ൽ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ രാജാവിനു വിട്ടുകൊടുത്തതോടേ സ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ വളരെയധികം സ്കൂളുകളും കോളേജുകളും തിരുവിതാംകൂറിലുണ്ടായി.

1834ൽ സ്വാതിതിരുനാൾ നേരിട്ടാണ് നാഗർകൊവിലിലെ ഇംഗ്ലീഷുസ്കൂളിന്റെ പ്രവർത്തനങ്ങൾ കണ്ട് ഇഷ്ടപ്പെട്ട് അതിന്റെ ഹെഡ്മാസ്റ്ററായ റോബർട്ടു സായ്‌വിനെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ (രാജാസ് ഫ്രീ സ്കൂൾ) തുടങ്ങുന്നത്. ഈ ഫ്രീ സ്കൂൾ 1866ൽ കോളേജാവുകയും പിന്നീട് ട്രാവങ്കൂർ യൂണിവേഴ്സിറ്റി ആയിത്തീരുകയും കേരളാ യൂണിവേഴ്സിറ്റി ആയി അവസാനം രൂപാന്തരപ്പെടുകയും ചെയ്തു. രാജാസ് ഫ്രീ സ്കൂളിനു പുറമേ ചിറയങ്കീഴു , കൊട്ടാർ, കായംകുളം എന്നിവിടങ്ങളിൽ അതേ മാതൃകയിൽ ജില്ലാ വിദ്യാലയങ്ങൾ തുടങ്ങി.

തിരുവിതാകൂറിലെ രാജവംശം വേലുത്തമ്പിയുടെ കാലത്തേ തന്നെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിനു വാശിപിടിച്ചിരുന്നു. 1867ൽ ശങ്കര സുബ്ബയ്യർ ഡയറക്ടറായി മാതൃഭാഷാ ബോർഡ് വരികയും തിരുവനന്തപുരത്ത് ഒരു പ്രധാന ഭാഷാ സ്കൂളും പതിനൊന്ന് ജില്ലാ സ്കൂളുകളും മാതൃഭാഷയിൽ പഠനം നടത്തേണ്ടുന്നതിനായി അവർ സ്ഥാപിച്ചു. 1871ൽ എല്ലാ ഗ്രാമങ്ങളിലും ഓരോ സ്കൂൾ എന്ന നയം കൊണ്ട് വന്ന് ലോക്കൽ ജന്മിമാരിൽ നിന്നും മറ്റും ഫണ്ട് ഉണ്ടാക്കി സ്റ്റേറ്റ് ഗ്രാന്റോടെ ഇന്നത്തെ എയിഡഡ് സ്കൂൾ മാതൃകയിൽ എല്ലാ ഗ്രാമങ്ങളിലും സ്കൂളുകൾ സ്ഥാപിച്ചു. ഒരു കുട്ടിയ്ക്ക് ഒരു പണം വച്ച് സർക്കാരിൽ നിന്ന് ഈ സ്കൂളുകൾക്ക് നൽകിപ്പോന്നു. പിന്നീട് സംസ്കൃത കോളേജ്, 1887ൽ മഹരാജാവിന്റെ സ്തീകൾക്ക് മാത്രമായുള്ള കോളേജ് സ്ഥാപിച്ചു.കുട്ടികളുടെ തലയെണ്ണി സർക്കാർ പണം നൽകുമെന്നായപ്പോ ഒരുപാട് സ്കൂളുകൾ ഉയർന്ന് വന്നു.

1904ൽ താണ ജാതിക്കാരെ പഠിപ്പിയ്ക്കുന്ന സ്കൂളുകൾക്ക് പ്രത്യേക ഗ്രാൻഡ് സർക്കാർ കൊടുക്കാൻ തുടങ്ങിയപ്പൊ താണജാതിക്കാരെ ജനം കൂടുതൽ പഠിപ്പിയ്ക്കാൻ തുടങ്ങി.അവരേയും പഠിപ്പിയ്ക്കേണ്ടത് സ്കൂളുകളുടെ ആവശ്യമായി മാറി. 1894ൽ ഇരുനൂറിനു പുറത്ത് ഗവണ്മെന്റ് സ്കൂളുകളും അറുപതിനായിരത്തോളം കുട്ടികളും തിരുവിതാംകൂറിലുണ്ടായിരുന്നു. തിരുവിതാംകൂർ മഹാരാജാസ് ലോ കോളേജടക്കം മൂന്ന് കോളേജ് ഗവണ്മെന്റിന്റേയും മൂന്ന് പ്രൈവറ്റ് കോളേജും (സീ എം എസ് പോലെ) ഉണ്ടായിരുന്നു. ദിവാൻ സീ പീ രാമസ്വാമി അയ്യരുടെ വരവോടെ  വീണ്ടൂം വിദ്യാഭ്യാസരംഗം വലിയ ഉയർച്ച പ്രാപിച്ചു. ട്രാവങ്കൂർ യൂണിവേഴ്സിറ്റിയടക്കം അഞ്ച് ഗവണ്മെന്റ് കോളേജും നാലു പ്രൈവറ്റ് കോളേജും ഉണ്ടായി. ഒരു സ്തീകൾക്ക് മാത്രയുള്ള ഗവണ്മെന്റ് കോളേജ് ഉൾപ്പെടെ

അതേസമയം കൊച്ചിയിലും മലബാറിലും സ്ഥിതി നേരേ തിരിച്ചായിരുന്നു. ആദ്യം തുടങ്ങിയ സർക്കാൾ സ്കൂളുകളൊക്കെ ഏറെക്കഴിയാതെ അടച്ച് പൂട്ടി. തിരുവിതാംകൂറു പോയോ അല്ലെങ്കിൽ എഴുത്തുപള്ളികളിലും ജൂതപ്പള്ളിയിലും ഒക്കെയായിരുന്നു അന്നത്തെ കൊച്ചിയിലെ പഠനം. 1845 ൽ എറണാകുളത്ത് ഇംഗ്ലീഷ് സ്കൂൾ ഉണ്ടാക്കി. 1868ൽ ആ ഇംഗ്ലീഷ് സ്കൂളിലെ കുട്ടികൾ മെട്രിക്കുലെഷൻ പരീക്ഷ എഴുതുകയും 1875ൽ മഹാരാജാസ് കോളേജാവുകയും ചെയ്തു.തിരുവിതാംകൂറിലെ മാതൃകയിൽ 1890ഓടെ ഗ്രാമങ്ങളിൽ മാതൃഭാഷാ സ്കൂളുകൾ ആരംഭിച്ചു. 1911ൽ ഗവണ്മെന്റ് വിദ്യാഭ്യാസം പരിഷ്കരിയ്ക്കുന്നതിനു തിരുവിതാംകൂർ മാതൃകയിൽ ഒരു നയരേഖ ഉണ്ടാക്കുകയും വിദ്യാഭ്യാസപരിഷ്കരണത്തിനു മുൻ കൈ കൊടുക്കുകയും ചെയ്തു. വിദ്യാഭ്യാസം ഒരു ആവശ്യമായി സമുഹം കണ്ടതുകൊണ്ടാവണം വളരെപ്പെട്ടെന്ന് അതിന്റെ വേഗമേറുകയും 1940ഓട് കൂടി മൂന്ന് ഗവണ്മെന്റ് കോളേജുകളും  രണ്ട് പ്രൈവറ്റ് കോളേജുകളും കൊച്ചി രാജ്യത്തുണ്ടായി.

മലബാറിൽ പക്ഷേ നേരേ തിരിച്ചായിരുന്നു ഗതി.ഗുണ്ടർട്ട് സായ്‌വ് സ്ഥാപിച്ച ബാസൽ മിഷൻ തുടങ്ങിയ സ്കൂളുകളും അത് പിന്നീട് കോളേജായി മാറിയതുമൊഴിച്ചാൽ മലബാറിലെ വിദ്യാഭ്യാസരംഗം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ‌പ്പോലും ഗതികെട്ടതായിരുന്നു. ബ്രിട്ടീഷ് രാജിന്റെ നേരേ കീഴിലുള്ള മലബാറിൽ പാലക്കാട് വിക്ടോറിയ കോളേജ് മാത്രമാണുണ്ടായിരുന്നത്. ബ്രണ്ണൻ സായിപ്പ് ഒരുപാട് കാശു സംഭാവനയായി നൽകിയിട്ടാണു തലശ്ശേരി ബ്രണ്ണൻ കോളേജ് ബാസൽ മിഷൻ തന്നെ തുടങ്ങുന്നത്. സാമൂതിരിമാരാണേൽ അവരുടെ കുടുംബത്തിലെ പിള്ളേർക്കായാണ് കോഴിക്കോട് സ്കൂൾ തുടങ്ങുന്നത്. പിന്നീടത് കോളേജായും ഗുരുവായൂരപ്പൻ കോളേജായുമൊക്കെ വളർന്നുവെങ്കിലും. 1921 ലെ ലഹളയൊക്കെ കഴിഞ്ഞ് സംഭവമൊന്ന് ഉഷാറായപ്പൊ ബ്രിട്ടീഷുകാർ പതിയെ മലബാറിൽ പ്രൈമറി സ്കൂളുകളും മറ്റും തുടങ്ങാൻ ആരംഭിച്ചു.

റാണി ലക്ഷ്മീ ഭായിയെയും പാർവതീഭായിയേയും ആറ്റിങ്ങൾ റാണിയേയും പറ്റി പറയുമ്പൊ കേണൽ മൺ‌റോ യെ പറ്റി പറയണം. അദ്ദേഹമാണ് റസിഡന്റ് ആയിരുന്നപ്പോൾ ആദ്യകാല വിദ്യാഭ്യാസ മാറ്റങ്ങൾക്ക് രൂപം നൽകിയത്. പക്ഷേ അത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു മാത്രമായിരുന്നു. മാതൃഭാഷയിൽ വിദ്യാലയങ്ങൾ ആരംഭിയ്ക്കണമെന്ന വേലുത്തമ്പിയുടെ പദ്ധതി അദ്ദേഹത്തെ രാഷ്ട്രീയമായും കായികമായും ഇല്ലാതാക്കിയെങ്കിലും മുന്നോട്ട് കൊണ്ട് പോയതാണ് തിരുവിതാംകൂറിലേയും കൊച്ചിയിലേയും വിദ്യാഭ്യാസമാറ്റങ്ങൾക്ക് മുഖ്യ കാരണമായതെന്ന് ഞാൻ കരുതുന്നു.

ആയില്യം തിരുനാളിന്റെ സമയത്താണ് പെൺകുട്ടികൾക്ക് മാത്രമായി കുറേയേറെ സ്കൂളുകൾ തുടങ്ങുന്നത്. ബുദ്ധപാരമ്പര്യമാണ് നമുക്ക് എഴുത്ത് ‘പള്ളികളെ’ തന്നത്. ബുദ്ധ പാരമ്പര്യത്തിനു ശേഷം വന്ന ബ്രാഹ്മണമതം നമ്മെ ഒരുപാട് പിന്നോട്ടടിയ്ക്കുകയും ഉണ്ടായിട്ടുണ്ട്. സമൂഹത്തിൽ ഏതൊരു സാസ്കാരികമായി ഉയർന്ന സമൂഹത്തിലേയും പോലെ തന്നെ സ്ഥാനമുണ്ടായിരുന്ന സ്ത്രീകളേയും മറ്റും അടുക്കളക്കാരികളാക്കിയത് ആ ഇരുണ്ട യുഗമാണ്. എന്നാലും സമൂഹത്തിലെ പ്രബലരായ നായർ മാരുടെ ഇടയിൽ നിലനിന്നിരുന്ന മാട്രിയാർക്കി ഒരവസരമുണ്ടായപ്പൊ സ്ത്രീകൾക്ക് പെട്ടെന്ന് രക്ഷപെടാൻ ഇടയുണ്ടാക്കി എന്ന് കരുതുന്നതിൽ തെറ്റില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തോടേ ലോകമെമ്പാടുമുണ്ടായ വിദ്യാഭ്യാസവിപ്ലവം ഇൻഡ്യയിലുമെത്തി. കേരളത്തിൽ 1921ൽ സർക്കാർ കോളേജല്ലാത്ത യൂ സീ കോളേജ്,ആലുവ, എസ് ബീ കോളേജ്, ചങ്ങനാശ്ശേരി 1925ൽ സെന്റ് തെരേസാസ് കോളേജ് എറണാകുളം (ആദ്യത്തെ സ്വകാര്യ മാനേജ്മെന്റിനു കീഴിലെ സ്ത്രീകൾക്കായുള്ള കോളേജ്) എന്നിവ തുടങ്ങി.1944 വരെ സാമ്പത്തികമാന്ദ്യം കാരണം പിന്നീട് പ്രൈവറ്റ് കോളേജുകളൊന്നുമുണ്ടായില്ല. 1944ൽ തേവര സേക്രഡ് ഹാർട്ട് കോളേജ്, 1946ൽ സനാതന ധർമ്മ കോളേജ് ആലപ്പുഴ, 1947ൽ സെന്റ് ആൽബർട്സ് കോളേജ്  എറണാകുളം, കേരളവർമ്മ കോളേജ് തൃശൂർ എന്നിവ തുടങ്ങി.

1903ൽ ആരംഭിച്ച എസ് എൻ ഡീ പീ യോഗം നാട്ടിലെമ്പാടും പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിച്ച് എല്ലാ ജാതിമതക്കാരിൽ‌പ്പെട്ടവരേയും സ്തീജനങ്ങളുടേയും  ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിനു വലിയ ഉയർച്ചയാണു നൽകിയത്. 1914 ൽ ആരംഭിച്ച എൻ എസ് എസും ഇതു തന്നെ ചെയ്തു. ഗ്രാമഗ്രാമന്തരങ്ങളിൽ അവിടവിടുള്ള ജന്മിമാരെക്കൊണ്ടും, സംഘടനയുടേതായും മറ്റും ഒരുപാട്  വിദ്യാലയങ്ങൾ അവർ സ്ഥാപിച്ചു. സ്വാതന്ത്ര്യാനന്തരം മഹാത്മാഗാന്ധി കോളേജ്, എസ് എൻ കോളേജ് കൊല്ലം എന്നിവ എൻ എസ് എസും എസ് എൻ ഡീപീയും ആരംഭിച്ചു. 49 ഓട് കൂടി എൻ എസ് എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി, പന്തളം എൻ എസ് എസ് കോളേജ്,  വിമൻസ് കോളേജ് തിരുവന്തപുരം എന്നിവിടങ്ങളിൽ മൂന്ന് കോളേജുകൾ കൂടെ എൻ എസ് എസ് സ്ഥാപിച്ചു ജാതിമതവർഗ്ഗലിംഗഭേദമന്യേ ജനങ്ങളേ പഠിപ്പിച്ചു. വിമൻസ് കോളേജിൽ പുരുഷന്മാർക്ക് പ്രവേശനമില്ലാരുന്നു :-).

1964 ആയപ്പോൾ എൻ എസ് എസ് എട്ടു കോളേജുകളും എസ് എൻ ഡീ പീ  ആറു കോളേജുകളും വീണ്ടും തുടങ്ങി. ബാക്കി നമുക്കറിയാവുന്ന ചരിത്രമാണ്.1965ഓട് കൂടി എം ഈ എസ് ന്റെ നേതൃത്വത്തിൽ മുസ്ലീം സമുദായം കോളേജുകൾ തുടങ്ങുകയും എയിഡഡ് സ്കൂളുകൾ തുടങ്ങുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യദശകളിൽ അൽ‌പ്പം പിന്നോക്കം നിന്നിരുന്ന അവർ എം ഈ എസ് ന്റെ തുടക്കത്തോടെ വളരെപ്പെട്ടെന്ന് തന്നെ പൊതുധാരയിലേക്ക് എത്തപ്പെട്ടു. എന്നാലും അറബിപഠനവും മദ്രസകളും അവരുടെയിടയിലുണ്ടായിരുന്നെന്നും മറക്കരുത്.

കൃസ്ത്യൻ മിഷണറിമാർ ഉൾപ്പെടെയുള്ള കേരളത്തിന്റെ വിദ്യാഭ്യാസചരിത്രം സംക്ഷിപ്തമായി പറഞ്ഞിട്ടുണ്ടെന്ന് കരുതുന്നു. ഇതിൽ കൃസ്ത്യൻ മിഷണറിമാർ മാത്രം കാരണമാണ് കേരളത്തിൽ വിദ്യാഭ്യാസമെന്നും പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസമുണ്ടായതെന്നും ഉള്ള ഒരു പൊതുബോധം പൂർണ്ണമായും ശരിയല്ല എന്നേ പറയാൻ ഉദ്ദേശിച്ചിട്ടുള്ളൂ. പാശ്ചാത്യ വിദ്യാഭ്യാസം ഉണ്ടായിരുന്നത് കൃസ്ത്യൻ മിഷനറിമാർക്കായതുകൊണ്ട് ഭരണകർത്താക്കൾ അവരുടെ മതപരിവർത്തന ശ്രമങ്ങൾക്ക് പകരമായി വിദ്യാഭ്യാസം ബാർഗയിൻ ചെയ്യുകയാണുണ്ടായത്.  മാത്രമല്ല നമ്മൾ ഇന്ന് കാണുന്ന വിദ്യാഭ്യാസ വിപ്ലവങ്ങൾക്ക് ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, യോഗക്ഷേമസഭ എന്നതുമുതൽ തുടങ്ങി പഴയ മരിയ്ക്കാതെ കിടന്ന ബൌദ്ധപാരമ്പര്യം വരെ കാരണമാണ്. ഒപ്പം പുതിയ ചിന്തകൾ ഈ യെം എസ്സും ഏ കേജിയും മുതൽ നെഹ്രുവും ഗാന്ധിജിയുടേതുൾപ്പെടെ പൊതുവേ സ്വാതന്ത്ര്യത്തെപ്പറ്റിയൊക്കെയുള്ള നമ്മുടെ കാഴ്ചപ്പാടുകളെത്തന്നെ മാറ്റിയെടുക്കുകയും ചെയ്തു എന്ന് മറക്കാവതല്ല.

അപ്പൊ അതിനും ഒരു തീരുമാനമായല്ലോ അല്ലേ.

-ഈ രംഗത്തേക്കു സഭ കടന്നു വന്നപ്പോള്‍ ടണ്‍ കണക്കിനു സ്വര്‍ണവും സമ്പത്തും കാക്കുന്ന ക്ഷേത്രങ്ങളൊന്നും ചെറുവിരല്‍ അനക്കാതെ ഭൂതം പൊന്നു കാക്കുന്നതുപോലെ കഴിയുകയായിരുന്നു. പണം മാത്രമുണ്ടായാല്‍ പോരാ, മനുഷ്യ നന്മയ്‌ക്കുപകരിക്കുന്ന കാഴ്‌ചപ്പാടുകള്‍ വേണം-

ന്യായം. എന്നല്ല പരമന്യായം. പണം മനുഷ്യനന്മയ്ക്കുപയോഗിയ്ക്കണം. സ്വർണ്ണവും സമ്പത്തുമായ ക്ഷേത്രം പോലെ തന്നെയല്ലേ സഭ. സഭേടെ കാശെല്ലാം പിന്നെ വേറേ വല്ലതുമാണോ? സഭ മാത്രം കയ്യിലുള്ള പണം മുതലാക്കിയാൽ ലോകത്തുള്ള പട്ടിണി ഒറ്റ ദിവസം കൊണ്ട് മാറില്ലേ? അല്ല എത്രകിലോ സ്വർണ്ണം സഭയ്ക്കുണ്ട്? കണക്ക് വിക്കീപ്പീഡികേ പോയി നോക്കിയാ മതി.

-കേരളത്തിന്റെ ഉപഭോഗ കമ്പോളത്തില്‍ ഈഴവര്‍ തീരെ ദരിദ്ര നാരായണന്മാരൊന്നുമല്ല. താഴേക്കു നോക്കാനും പഠിക്കണം. ഈഴവരെക്കാള്‍ അവശര്‍ കേരളത്തിലുണ്ട്‌. അവരില്‍ ക്രൈസ്‌തവരുമുണ്ട്‌. ദാരിദ്ര്യത്തിനും അവശതയ്‌ക്കും മതമില്ല. എല്ലാവരുടെയും പുരോഗതി പ്രത്യേകിച്ചു അവശരുടെ പുരോഗതിക്ക്‌ എല്ലാവരും പ്രാമുഖ്യം കൊടുക്കണം. അതു നീതിയുടെ പ്രശ്‌നമാണ്‌-

ഉപഭോഗകമ്പോളത്തിലെ ദരിദ്രനാരായണന്മാരുടെ കണക്ക് കേൾക്കണോ? കൃസ്ത്യൻ മതത്തിൽ 14 ശതമാനം പേർ, മുന്നോക്ക ജാതിക്കാരിൽ 14.2 ശതമാനം പേർ, പിന്നോക്ക ജാതിക്കാരിൽ (ഈഴവർ/OBC) 21.4 ശതമാനം പേർ മുസ്ലീങ്ങളിൽ 28.7 ശതമാനം പേർ പട്ടികജാതിക്കാരിൽ 38ശതമാനം പേർ! പട്ടികവർഗ്ഗക്കാരിൽ 38.7 ശതമാനം പേർ ആണ് ദാരിദ്ര്യ രേഖയ്ക്ക് പിന്നിൽ നിൽക്കുന്ന ദരിദ്രനാരായണന്മാർ അച്ചോ. ഹിന്ദുക്കളെ മുഴുവനായുമെടുത്താൽ 22.6 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളപ്പോ കൃസ്ത്യാനികൾ 14 ശതമാനമേ അവിടെയുള്ളൂ. ഈഴവർ കൃസ്ത്യാനികളേക്കാൾ വളരെയധികം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് സർ. അതുകൊണ്ട് അങ്ങനങ്ങ് നീതി പറയരുത്.

ഇനി താഴോട്ട് നോക്കാൻ ഈഴവർ തുടങ്ങിയത് കൊണ്ടാവണം സമത്വം വേണം സകല ജാതിക്കാർക്കും മുന്നോട്ട് വരാൻ പാതയുണ്ടാവണം എന്ന് പറഞ്ഞ് സമത്വത്തിനായി വാദിയ്ക്കുന്നത്.

-നാം പിന്നോട്ടല്ല പോകേണ്ടത്‌, മുന്നോട്ടാണ്‌. സമത്വം വരാനിരിക്കുന്ന ആദര്‍ശമാണ്‌, അതിലേക്കാണ്‌ നാം ഇനിയും യാത്ര ചെയ്യേണ്ടത്‌. അതിനു പിന്നോട്ടുപോയി ചാതുര്‍വര്‍ണ്യത്തില്‍ കുടിയിരിക്കാനല്ല ശ്രമിക്കേണ്ടത്‌-


അതേറ്റു. സമത്വം വേണം എന്ന യാത്രയെ ചാതുർവർണ്യത്തിൽ കുടിയിരിയ്ക്കാനെന്ന് അങ്ങയോട് ആരാണാവോ പറഞ്ഞ് തന്നത്?ആദ്യം ഇവർ പറഞ്ഞിരുന്ന മുദ്രാവാക്യം നമ്പൂതിരിമുതൽ നായാടിവരെയാണ് എന്നാണ്. അതിൽപ്പോലും അസമത്വം കണ്ടത് കൊണ്ടാവണം അത് പോലും എടുത്ത് കളഞ്ഞ് ഇവരിങ്ങനെ പോകുന്നത്. അതിൽ ചാതുർവർണ്യം എന്ന എപ്പോഴും എടുത്ത് വീശുന്ന ഒരു ബസ്‌വേഡ് എടുത്തങ്ങ് ചാർത്തി. അപ്പം എല്ലാരും ഒന്നും മിണ്ടൂല്ലല്ലോ.

-ഹിന്ദു ഐക്യത്തിന്റെ ഭാഷ സമത്വത്തിന്റെയോ ജനാധിപത്യത്തിന്റെയോ അല്ല. അവര്‍ വരുത്താന്‍ പോകുന്ന ഭരണം ജനാധിപത്യത്തിന്റെയായിരിക്കും എന്ന്‌ ഒരു ഉറപ്പുമില്ല-

പിന്നെ വേറേ വല്ല രാജ്യത്തുമിരുന്നാണോ അച്ചൻ ഇതെഴുതുന്നത്? എന്തായാലും വത്തിക്കാനിലെ ‘ജനാധിപത്യം’ ഭേഷായിരിയ്ക്കും.

-ക്രിസ്‌ത്യാനികളെയും മുസ്ലിംകളെയും അറബിക്കടലില്‍ താഴ്‌ത്തിയാണോ ഇവിടെ സമത്വം ഉണ്ടാക്കാന്‍ പോകുന്നത്‌-? -ജനാധിപത്യം ഒരു പ്രാര്‍ഥനയും ആഗ്രഹവുമാണ്‌. സകല മനുഷ്യരുടെയും സ്വാതന്ത്ര്യത്തിന്റെയും യുക്‌തിയുടേയും ബലത്തിലൂടെ സംജാതമാകുന്ന ജനാധിപത്യം. അതു സാധ്യമാകണമെങ്കില്‍ വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ ജനാധിപത്യത്തിന്റെ ഭാഷ സംസാരിക്കണം-

അതിൽ സംശയമില്ല. വെള്ളാപ്പള്ളിയെന്നല്ല ഇന്നാട്ടിലെ സകലരും ജനാധിപത്യത്തിന്റെ ഭാഷ സംസാരിയ്ക്കണം. സ്ലിപ്പറി സ്ലോപ്പ് അറബിക്കടൽ ആർഗ്യുമെന്റിനു ഒന്നും പറയാനില്ല. അത് വെള്ളാപ്പള്ളി പറയേണ്ട മറുപടിയാണ്.

-അതു പ്രകൃതി തീര്‍ക്കുന്ന തലവിധിയുടെ ക്രമമല്ല. മനുഷ്യര്‍ക്കെല്ലാവര്‍ക്കും സാധിക്കുന്ന സാമാന്യബുദ്ധിയുടെയും സാംസ്‌കാരിക ഭാഷണത്തിന്റെയും പരസ്‌പര ആദരവിന്റെയും ജീവിതക്രമം.ഖേദത്തോടെ എഴുതട്ടെ വെള്ളാപ്പള്ളിയുടെ ഭാഷ ഈ ജനാധിപത്യ സംസ്‌കാരത്തിന്റെയല്ല. ഭാഷയില്‍ സമത്വവും സാഹോദര്യവും കടന്നുവരട്ടെ. മതവും ജാതിയും നോക്കി സാഹോദര്യം നിര്‍വചിക്കാനല്ല ക്രൈ സ്‌തവനായ ഞാന്‍ പഠിച്ചിട്ടുള്ളത്‌. അതുകൊണ്ടാണ്‌ സാഹോദര്യത്തോടെ ഈ കുറിപ്പ്‌ എഴുതുന്നതും-

വെള്ളാപ്പള്ളിയുടെ ഭാഷ, നൗഷാദിന്റെ കാര്യത്തിൽ അങ്ങേരു പറഞ്ഞത് ശുദ്ധ വൃത്തികേടാണ്. യാതൊരു സംശയവുമില്ല. ഇരട്ടനീതിയുണ്ടേൽ അത് പറയണം. പക്ഷേ അച്ചൻ ഈ എഴുതിയിരിയ്ക്കുന്നതിൽ സാഹോദര്യമല്ല, കൈപ്പിടീയിലെ എന്തോ വഴുതിപ്പോകുന്നതിന്റെ പരിഭ്രാന്തിയാണെന്ന് വ്യക്തമായി കാണാനാകും. അല്ലെങ്കിൽ കമ്യൂണിസ്റ്റുകാരേയും വിപ്ളവകാരികളേയും മുസ്ലീങ്ങളേയും ഷൂട്ട് അറ്റ് സൈറ്റ് എന്ന ആശയവുമായി നടക്കുന്ന സഭക്കാരൻ അവരെ കൂട്ടുപിടിച്ച് എന്ന വ്യാജേന ഇങ്ങനെയൊന്നെഴുതില്ലല്ലോ.

വെള്ളാപ്പള്ളി നടത്തുന്ന യാത്ര അദ്ദേഹത്തിന്റെ വ്യക്തമായ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നതിൽ സംശയമില്ല. പക്ഷേ അതിൽ അടങ്ങിയിരിയ്ക്കുന്ന ഹൈന്ദവ ഏകീകരണം, ഉച്ചനീചത്തങ്ങൾ അവസാനിപ്പിയ്ക്കുക എന്നൊരു ആശയമുണ്ട്. യോഗക്ഷേമസഭയും കായൽ സമ്മേളനവും ഒത്തൊരുമിച്ച് നിൽക്കുന്നതിന്റെ ഒരു സൗന്ദര്യമുണ്ട്. അതിന്റെ ധാർമ്മികത ഒന്ന് കൊണ്ട് മാത്രം ആ യാത്രയെ ഒരു മുന്നോട്ട്പോക്കായി കാണാൻ ഞാനൊരുക്കമാണ്. പക്ഷേ അത് നിർമ്മിയ്ക്കുന്ന പൊടിപടലങ്ങൾ കണ്ട് രാത്രിയായിപ്പോയെന്ന് തെറ്റിദ്ധരിച്ച് താങ്കളെപ്പോലെയുള്ളവർ മാളങ്ങളിൽ നിന്നിറങ്ങി കൂവുന്നത് കാണാനാണ് രസം. പരമരസം.

No comments:

Post a Comment